Wednesday, September 21, 2011

രസതന്ത്രം


               ജീവിതത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം .ചുറ്റും നില്‍ക്കുന്ന  കൂട്ടുകാരെല്ലാം എന്നെ പറ്റിത്തന്നെയാണ് ചര്‍ച്ച ചെയ്യുന്നത് .പക്ഷെ എനിക്ക് അതിലൊന്നും ശ്രദ്ധിക്കുവാന്‍ പറ്റുന്നില്ല .
   എന്‍റെ മനസ്സില്‍ കുറ്റബോധം ആണോ കൂട്ടുകാരുടെ എല്ലാം  മുന്നില്‍ ചൂളിപ്പോയതിന്‍റെ വിഷമം ആണോ അതോ ഇതെല്ലാം വീട്ടില്‍ അറിയുപോഴുണ്ടാകുന്ന പുകിലുകളെകുറിച്ചുള്ള പേടി ആണോ മുന്നില്‍ നില്‍ക്കുന്നത്‌ എന്നെനിക്ക് അറിയില്ല .
    പെണ്ണുവിഷയം ആയത്കൊണ്ട് ആരും കൂടെനില്‍ക്കില്ലത്രേ. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
        പാടില്ലഞാന്‍ എന്തിനു ഭയക്കണം. അത്രവലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഒരു പെണ്ണിനോട്‌ ഇഷ്ടമാണെന്ന് പറയുന്നത് അത്ര വലിയ തെറ്റ് ആണോ. അതും കണക്കുപ്രകാരം 27 സെക്കണ്ടില്‍ ഒരു സ്ത്രീപീഡനം വച്ച്  നടക്കുന്ന ഈ ലോകത്ത്‌.
    അതെ അതാണ് പ്രശ്നം ഞാന്‍ ഒരു പെണ്ണിനോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തി.  പ്രശ്നം ഇത്ര കലുഷിതമാകാന്‍   കാരണം ഇതൊന്നുമല്ല. പെണ്ണ് എന്‍റെ കൂട്ടുകാരന്‍റെ പെങ്ങളാണ്. അതിന്‍റെ പുകിലുകളെപറ്റി ആണ് ന്‍റെ ചുറ്റും നില്‍ക്കുന്ന  കൂട്ടുകാര്‍ ചര്‍ച്ചചെയ്യുന്നത് .
        ശരിയാണ് എപ്പോഴും കൂടെ നടന്നിരുന്ന എല്ലാം പരസ്പരം പങ്കുവച്ചിരുന്ന കൂട്ടുകാരന്‍റെ പെങ്ങളെ പ്രേമിക്കുക അത് വഞ്ചന തന്നെ ആണ് , പക്ഷെ എനിക്ക് കുറ്റബോധം തീരെ ഇല്ല. കാരണം എനിക്ക് അവളോട് ആദ്യമായി ഇഷ്ടം തോന്നിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവള്‍ ന്‍റെ കൂട്ടുകാരന്‍റെ പെങ്ങളാണ് എന്ന് 
   ഞാന്‍ അവളെ ആദ്യമായി കാണുന്നത് എന്നാണ് ? അതെന്നാണെന്ന് എനിക്ക് ഓര്‍മ്മ കൂടി ഇല്ല. ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ സംസാരിച്ചിട്ടും ഇല്ല .       
      ന്‍റെ ഹൃദയത്തില്‍ എപ്പോളാണ് ആ രാസപ്രവര്‍ത്തനം തുടങ്ങിയത്??? ഒരിക്കല്‍ ബസില്‍ വെച്ച് ആയിരുന്നു.  അവള്‍ ഏറ്റവും പിന്നിലെ സീറ്റില്‍ ആണ് ഇരുന്നത് . അവളെ ഞാന്‍ ഇടയ്ക്കിടെ അറിയാതെ തിരിഞ്ഞു നോക്കുന്നു.
      അറിയാതെ ആണോ ???
 അതെ.....അവളും എന്നെത്തന്നെ ആണ് നോക്കുന്നത്. അവളുടെ നോട്ടം ന്‍റെ കണ്ണുകളെയും തുളച്ചുകടന്ന് എന്‍റെ മനസ്സ്‌ വായിക്കുന്നതായി എനിക്കുതോന്നി

      അതിനു ശേഷം ആണ് ഞാന്‍ അവളെപറ്റി തിരക്കുന്നത്. എന്‍റെ സുഹൃത്തിന്‍റെ അനുജത്തിയാണെന്നും  അവള്‍ Bsc. കെമിസ്ട്രി പഠിക്കുന്നു എന്നും ഞാന്‍ മനസ്സിലാക്കി.
   സുഹൃത്തിനെ പറ്റി ചിന്തിച്ചു........വേണ്ട കൂട്ടുകാരന്‍റെ പെങ്ങളെ പറ്റി ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്.പക്ഷെ എന്‍റെ കണ്ണുകള്‍ എത്ര ഇരുക്കിയടച്ചിട്ടും അവളുടെ തുറിച്ചുനോക്കുന്ന ആ കണ്ണുകള്‍ മാത്രമേ കാണുവാന്‍ കഴിയുന്നുളൂ.
   എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത കെമിസ്ട്രി എനിക്ക് പ്രിയപ്പെട്ടതായി തോന്നി. ഞാന്‍ എന്‍റെ പ്രണയത്തിന്‍റെ കെമിസ്ട്രിയെപറ്റി പഠിക്കാന്‍ തുടങ്ങി.


ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞ സമയം എന്‍റെ ശരീരത്തില്‍ ആദ്യമായി ടോപമൈന്‍ എന്ന രാസവസ്തു ആദ്യമായി പ്രവര്‍ത്തിച്ചു ടോപമൈന്‍ന്‍റെ ലഹരി  കൊക്കൈന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍  ആണത്രെ .
അവള്‍ കെമിസ്ട്രി പഠിക്കുമ്പോ ഞാന്‍ എന്‍റെ ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനം എങ്കിലും അറിയണ്ടേ ?


പിന്നെ ദിവസവും ബസ്സ്‌സ്റ്റോപ്പ്‌ , അമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍  അവളെ കാണുവാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടേ ഇരുന്നു . എപ്പോഴും അവളുടെ ചിന്ത മാത്രം . പിന്നെയാണ് ഞാന്‍ പഠിച്ചത്  എന്‍റെ ശരീരത്തില്‍ സെരോടോനിന്‍ എന്ന ഒരു കെമിക്കല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്ന്. 
പിന്നെ ഓക്സിടോസിന്‍ വാസോപ്രസിന്‍ തുടങ്ങി കുറെ ഹോര്‍മോണുകള്‍ എന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു.
   ഒടുവില്‍ ഞാന്‍ അവളോട് എന്‍റെ പ്രണയം തുറന്നു പറഞ്ഞു. അവള്‍ ബ്ലസ്സിയുടെ “പ്രണയം” കാണാത്തതുകൊണ്ടോ അതോ കെമിസ്ട്രിയില്‍ ആ പാഠം പഠിക്കാത്തത് കൊണ്ടോ എന്നറിയില്ല അവള്‍ക്ക് ഇതിലൊന്നും താല്പര്യം ഇല്ലത്രേ!!!!!!
ഇത്രയും ചോദിയ്ക്കാന്‍ എടുത്ത പാട് അവള്‍ക്ക് അറിയുമോ.
എന്തായാലും എന്‍റെ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നില്ല.
അവളുടെ മറുപടിയെ എന്‍റെ ശരീരത്തിലെ കെമിക്കലുകള്‍ തോല്പിച്ചു കഴിഞ്ഞിരുന്നു .
ഇന്നിതാ അവള്‍ അവളുടെ ചേട്ടനോട് പറഞ്ഞിരിക്കുന്നു ഞാന്‍ ശല്യം ചെയ്യുന്നെന്നു
  ഞാന്‍ എപ്പോഴാണ് ശല്യം ചെയ്തത്????
  ദേ അവനാണ് എന്‍റെ കോളറിനു പിടിച്ചിരിക്കുന്നത്
ഇതൊന്നും എന്‍റെ കുഴപ്പം അല്ല എല്ലാം കെമിക്കലുകള്‍ കാരണം  ആണെന്ന് വിളിച്ചുപറയണം എന്നുണ്ടായിരുന്നു. പക്ഷെ നാവുപോങ്ങുന്നില്ല
ഇപ്പോള്‍ എന്‍റെ ശരീരത്തില്‍ എന്ത് രാസപ്രവര്‍ത്തനം ആണുനടക്കുന്നത്????
 എന്‍റെ ഓര്‍ഗാനിക്‌ ഭഗവതീ ഈ കെമിക്കലുകള്‍ അവളുടെ ചേട്ടനെയും ഒന്ന് തോല്പിച്ചിരുന്നെങ്കില്‍...............