Sunday, December 25, 2011

മൈനകള്‍

“ അവള്‍ പറയുന്നതിലും കാര്യമുണ്ട് നിനക്ക് ഇപ്പോഴും ജീവിതത്തെക്കുറിച്ച് ഒരു ചൂടും ഇല്ല ”

അടുക്കളയില്‍നിന്ന് അമ്മയുടെ പിന്തുണ ലഭിക്കുകകൂടി ചെയ്തതിന്റെ ധൈര്യത്തില്‍ ഭാര്യ കൈയ്യിലിരുന്ന ചായ ഗ്ലാസ് ചെറിയ ഒരു ശബ്ദത്തോട്കൂടി മുന്നില്‍ വച്ച്, 
മുഖം കനപ്പിച്ചു അകത്തേക്ക് പോയി
ശരിയാണ് , ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ,എനിക്ക് എന്താണ് മറ്റുള്ളവരെപ്പോലെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തതെന്ന് .
എപ്പോഴും ജീവിതത്തിന്‍റെ സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞുതരേണ്ടി വരുന്നു . ഒരുപക്ഷെ എപ്പോഴും എനിക്ക് വേണ്ടി ചിന്തിക്കുന്ന കുറച്ചാള്‍ക്കാര്‍ ചുറ്റും ഉള്ളതാകം കാരണം .

ഇപ്പോഴത്തെ ആവശ്യം മറ്റൊന്നുമല്ല , പാടത്തിനക്കരെ,റോഡിനോട് ചേര്‍ന്ന് കുറച്ച് പറമ്പുണ്ട് അവിടെ വീടുവയ്ക്കണം!
അവരുടെ വാദങ്ങളും തള്ളിക്കളയാന്‍ പറ്റില്ല. രണ്ടു കുട്ടികള്‍ വളര്‍ന്നു വരുന്നു. അഞ്ചുപേരടങ്ങുന്ന ഈ വീട്ടില്‍ ആകെ രണ്ട് ഇടുങ്ങിയ മുറികളാണുള്ളത് . ഒരു പക്ഷെ ഈ പരിസരത്തെ ഏറ്റവും പഴക്കം ചെന്ന വീട് ഇതായിരിക്കണം.

“ നീ ഇങ്ങനെ ഇരിക്കാതെ പറമ്പിലേക്ക്‌ ഒന്ന് ചെല്ല് , അവിടാകെ കാടും പടര്‍പ്പും പിടിച്ചുകിടക്കുകയല്ലേ , അതൊന്നു വൃത്തിയാക്കാന്‍ ശങ്കരേട്ടനെ നിര്‍ത്തിയിട്ടുണ്ട് ”
ചായ കുടിച്ചുതീര്‍ന്നപ്പോഴേക്കും ഭാര്യ ഷര്‍ട്ട്‌ എത്തിച്ചുകഴിഞ്ഞിരുന്നു

കാര്യങ്ങളുടെ വേഗത കണ്ട് എനിക്കുതന്നെ അതിശയം തോന്നി , സ്ത്രീകള്‍ എല്ലാവരും ഇങ്ങനെയാണോ ആവോ. ആര്‍ക്കറിയാം”

ഞാന്‍ ആ പറമ്പിലേക്ക്‌ പോകാറില്ല , ഒരുകാലത്ത്‌ എന്‍റെ പ്രിയപ്പെട്ട സ്ഥലം ആയിരുന്നു അത്.
കുട്ടിക്കാലത്ത്‌ സ്കൂള്‍ വിട്ടുവന്ന് നേരെ ഓടുക പറമ്പിലേക്കാണ് , അവിടെ മുത്തച്ഛനുണ്ടാകും കൃഷിക്ക് വെള്ളം കോരാനും മാറ്റും , അവിടെ കളിച്ചുനടക്കുകയാണ് എന്‍റെ ലക്ഷ്യം. മുത്തച്ഛന്റെ കൃഷിതോട്ടത്തിനു കാവല്‍ക്കാരെ പോലെ നിന്നിരുന്ന മരങ്ങളും, രണ്ടു മുറികളുള്ള ഓടിട്ട ചായ്പ്പും കിണറ്റുതൊടിയും എല്ലാം എന്‍റെ പ്രിയപ്പെട്ട കളിസ്ഥലങ്ങളായിരുന്നു ,

അങ്ങനെ കളിച്ചുനടന്ന ഒരു ദിവസമാണ് ഞാനത് കണ്ടുപിടിക്കുന്നത് , പറമ്പിന്റെ ഏകദേശം മദ്ധ്യഭാഗത്തായി നിന്നിരുന്ന പ്ലാവിലെ പൊത്തില്‍ ഒരു മൈന കയറിപ്പോകുന്നു. ,ഞാന്‍ മുത്തച്ഛനെ വിളിച്ചു.

 “ഇന്ന് സന്ധ്യയായില്ലേ ഇനി നാളെ നോക്കാം” മുത്തച്ഛന്‍ പറഞ്ഞു

 രാത്രി മുഴുവന്‍ മൈനയെ പറ്റിയായിയിരുന്നു ചിന്ത. ഒറ്റ മൈനയെ കണ്ടാല്‍ സങ്കടം ആണെന്നും, സ്കൂളില്‍നിന്ന് തല്ലുകിട്ടും എന്നുമാണ് ഒരിക്കല്‍ മാളു പറഞ്ഞത്. രണ്ടെണ്ണത്തെ കണ്ടാല്‍ സന്തോഷവും, അവള്‍ക്കു എല്ലാം അറിയാം, പാഞ്ചിതൂപ്പ് കെട്ടാനും ,മയില്‍പ്പീലി പുസ്തകത്തില്‍ വെച്ചാല്‍ പ്രസവിക്കുമെന്നും എല്ലാം എന്നെ പഠിപ്പിച്ചത് മാളുവാണ്.

പിറ്റേന്ന് വൈകിട്ട് പ്ലാവില്‍ കയറിനോക്കി. മുത്തച്ഛന്‍ പറഞ്ഞത്‌ അഞ്ചു മൈനക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നാ , ഞാന്‍ മൈനയെ വേണമെന്ന്‌ പറഞ്ഞപ്പോള്‍ പക്ഷികളെ കൂട്ടില്‍ അട്യ്ക്കരുതെന്നും അടച്ചാല്‍ നമ്മളും ഒരിക്കല്‍ ഇതുപോലെ കൂട്ടില്‍ കിടക്കെണ്ടിവരുമെന്നും മുത്തച്ഛന്‍ പറഞ്ഞു.

മുത്തച്ഛന് എല്ലാത്തിനും ഇങ്ങനെ തടസ്സങ്ങള്‍ പറയും നേരം പുലര്‍ന്നാല്‍ പിന്നെ ഉറങ്ങാന്‍ പാടില്ലന്നും ,  സന്ധ്യ കഴിഞ്ഞാല്‍ കളിയ്ക്കാന്‍ പാടില്ലെന്നുമൊക്കെ. 
ഒരിക്കല്‍ തോട്ടില്‍നിന്നു പിടിച്ച മീനിനെ വളര്‍ത്താന്‍ കിണറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോളും ഇതുതന്നെ “കിണറ്റില്‍ കിടന്നു മീന്‍ കറങ്ങുന്നതുപോലെ ജീവിതത്തില്‍ നമുക്കും അലയേണ്ടി വരുമത്രേ”. പക്ഷെ മുത്തച്ഛനോട്‌ എനിക്ക് പിണക്കമൊന്നുമില്ല , എനിക്ക് പന്ത്‌ വാങ്ങിതരുന്നതും കഥകള്‍ പറഞ്ഞുതരുന്നതും എല്ലാം മുത്തച്ഛനാണ്.
ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ , തീരെ കുഞ്ഞുങ്ങള്‍ ആണ് , 'കുറച്ചുകൂടെ വലുതാകുമ്പോള്‍ എടുക്കാം , അപ്പോഴേക്കും കൂടും ഉണ്ടാക്കാം' എന്ന്  മുത്തച്ഛന്‍ പറഞ്ഞു
പിന്നെ ആ പ്ലാവിന്‍ചുവട്ടില്‍ ഞാന്‍ ചെല്ലാത്ത ഒരു ദിവസം പോലുമില്ലായിരുന്നു

അങ്ങനെ ആ ദിവസം എത്തി , മുളം പട്ടകള്‍ ചേര്‍ത്ത്‌ ഉണ്ടാക്കിയ കൂടും കൊണ്ട് ഞാന്‍ പ്ലാവില്‍ കയറുന്ന മുത്തച്ഛനെ അക്ഷമയോടെ നോക്കിനിന്നു , ചില്ലകള്‍ ഉലയുന്ന ശബ്ദം മാത്രമേ ഞാന്‍ കേട്ടുള്ളൂ മണ്ണില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ക്കരികില്‍ മുത്തച്ഛന്‍ .....
ഞാന്‍ ഓടി അരികില്‍ ചെന്നു, എന്നെ നോക്കുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“വേണ്ട ,കരയണ്ട എനിക്ക് മൈനയെ വേണ്ട” പറഞ്ഞു തീരും മുന്‍പുതന്നെ ആ കണ്ണുകള്‍ അടഞ്ഞു.

അതുകഴിഞ്ഞ് ഒരാഴ്ച കൂടിയേ ആ പ്ലാവിനും ആയുസ്സുണ്ടായിരുന്നുള്ളൂ , പ്ലാവ് ഒരു ഓര്‍മയായി അവിടെ വേണ്ടന്നു മുതിര്‍ന്നവര്‍  എല്ലാവരും കൂടി തീരുമാനിച്ചു
                *************************************    

പറമ്പിലെത്തുമ്പോള്‍ ശങ്കരേട്ടന്‍ അവിടെ ഉണ്ട് ,
ഞാന്‍ പണ്ട് പ്ലാവുനിന്നിരുന്ന ഭാഗത്ത് ചെന്നു അവിടെ ഒരു പ്ലാവിന്‍ തൈ നടാന്‍ പറഞ്ഞു
“അപ്പൊ, വീട്???”

“പ്ലാവ്‌ വളരട്ടെ , അതില്‍ മൈനകള്‍ വീടുവയ്ക്കട്ടെ”


ഞാന്‍ ശങ്കരേട്ടന്‍റെ മുഖത്തെ ആശ്ചര്യഭാവം കണ്ടില്ലെന്നു നടിച്ചു തിരികെനടന്നു.


             (കൈരളി നെറ്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്)